
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം മാതൃഭാഷ പക്ഷാചരണത്തോടനുബന്ധിച്ച് ബോധിനി സാംസ്കാരിക കേന്ദ്രത്തിൽ കുട്ടികൾക്കായി മാതൃഭാഷ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. മാതൃഭാഷ തെറ്റ് കൂടാതെ എഴുതുവാനും ഉച്ചാരണ ശുദ്ധിയോടെ വായിക്കാനും പ്രയോഗിക്കാനും കുട്ടികളെ പ്രാപ്തമാക്കുന്ന വിവിധ ഭാഷാബോധന പദ്ധതികളുമായി ഭാഷാപഠനകേന്ദ്രം പന്ത്രണ്ട് വർഷം പിന്നിട്ടു. പന്തളം എൻ എസ് എസ് കോളേജ് പോളിടെക്നിക് മുൻ ഹെഡ് ഓഫ് സെക്ഷനും ദൂരദർശൻ മുൻ വാർത്ത അവതാരകയുമായ എം.ജി.മഞ്ജുള ഉദ്ഘാടനം ചെയ്തു. അമ്മയ്ക്ക് തുല്യമായ സ്ഥാനം നൽകി മാതൃഭാഷയെ സ്നേഹിക്കണമെന്ന് അവർ പറഞ്ഞു. കുട്ടികൾ ലോകത്തെ തിരിച്ചറിയുന്നത് തൻ്റെ മാതൃഭാഷയിലൂടെയാണ്. മാതൃഭാഷ കേവലം ആശയവിനിമയ ഉപാധി എന്നതിലുപരി സർഗാത്മക ആവിഷ്കാരങ്ങൾക്ക് അടിത്തറ പാകുകയും വൈജ്ഞാനിക ശേഷിയും സാംസ്കാരിക ബോധവും അറിവും പ്രദാനം ചെയ്യുമെന്നും അവർ പറഞ്ഞു. ഭാഷാപഠനകേന്ദ്രം പ്രസിഡൻ്റ് ഡോ.ടി.എ.സുധാകരക്കുറുപ്പ് അധ്യക്ഷനായി. കവി കെ.രാജഗോപാൽ ഭാഷാസന്ദേശം നൽകി. നോവലിസ്റ്റ് ശ്രീലതിക ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ ബോധിനി പ്രഭാകരൻ നായർ, മനു പാണ്ടനാട്, ബിന്ദു ആർ.തമ്പി, എൻ.ജി.മുരളീധരക്കുറുപ്പ്, കെ.ഗംഗാധരൻ ശ്രീഗംഗ, മായാരാജ് കല്ലിശ്ശേരി, കല്ലാർ മദനൻ, പന്തളം പ്രഭ, മുരളി മുളക്കുഴ, സുരേഷ് കലാലയം, വി.എൻ.ഹരിദാസ്, വിപിൻ ഭാസ്ക്കർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികൾ പങ്കെടുത്ത ഭാഷാനൈപുണി മത്സരങ്ങളും സംഘടിപ്പിച്ചു.










